
മഞ്ചേശ്വരം താലൂക്കിലെ 142 കൊറഗ കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ ആകുന്നു. നൂറ്റാണ്ടായുള്ള ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നിയമപരമായി തീരുമാനമെടുത്തിരിക്കുന്നത്. മഞ്ചേശ്വരം താലൂക്ക് പരിധിയിൽപ്പെട്ട മംഗലാപുരം ബിഷപ്പിന്റെ ഉടമസ്ഥതയിൽ ഉൾപ്പെട്ടിരുന്ന കുഞ്ചത്തൂർ, ഉദ്യാവർ, പാവൂർ, ഹൊസബെട്ടു, കയ്യാർ, കൂടൽ മെർക്കള , പൈവളികെ ,ഷേണി, ചിപ്പാർ എന്നീ വില്ലേജുകളിലെയും കാസർകോട് താലൂക്കിലെ ബേള വില്ലേജിലെയും വസ്തുവിൻ മേൽ ലാൻഡ് ബോർഡിൽ മിച്ച ഭൂമി കേസ് നിലവിലുണ്ടായിരുന്നു. ഇതിൽ പാവൂർ, കുഞ്ചത്തൂർ ,ഉദ്യാവർ വില്ലേജുകളിലായി കിടക്കുന്ന 308ഏക്കർ ഭൂമി 1912ൽ സൗത്ത് കാനറാജില്ല കളക്ടർ മംഗലാപുരം ബിഷപ്പിന് പട്ടികവർഗ്ഗക്കാരുടെ ഉന്നമനത്തിനായി പതിച്ചു നൽകിയതായിരുന്നു. ഈ സ്ഥലത്ത് വർഷങ്ങളായി 142 കുടുംബങ്ങൾ കൃഷി ചെയ്തു സ്ഥലം കൈവശം വെച്ച് താമസിച്ചുവന്നിരുന്നു. എന്നാൽ അവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല
താലൂക്ക് ലാൻഡ് ബോർഡിൻറെ 2025 ഫെബ്രുവരി 14 വിധിപ്രകാരം ഉദ്യാവർ കുഞ്ചത്തൂർ വില്ലേജുകളിലായി 159.56 ഏക്കർ ഭൂമി 142 കുടുംബങ്ങളുടെ കൈവശത്തിലാണ് എന്ന് കണ്ടെത്തി . അവയെ മിച്ച ഭൂമി പരിധിയിൽ നിന്ന് ഒഴിവാക്കി ലാൻഡ് ബോർഡ് വിധി പ്രസ്താവിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 142 കുടുംബങ്ങൾക്ക് ഭൂപരിഷ്കരണ നിയമപ്രകാരം ക്രയ സർട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടുന്നതിന് സാധ്യത തെളിഞ്ഞു എസ് എം ഫയൽ പെട്ടെന്ന് ചെയ്തുതീർക്കുന്നതിന് പുറക്കാട് കുഞ്ചത്തൂർ വില്ലേജ് ഓഫീസർമാരെ സഹായിക്കുന്നതിന് കാട്ടു കുക്കെ, ഷേണി വില്ലേജ് ഓഫീസർമാരെ സ്പെഷ്യൽ ടീമായി ജില്ലാ കളക്ടർ നിയമിച്ചു.വില്ലേജ് ഓഫീസർമാരായ ബി അജിത് കുമാർ എം കെ ലോകേഷ എന്നിവരെയാണ് സ്പെഷ്യൽ ടീമായി നിയമിച്ചത് . ഇതിൻറെ അടിസ്ഥാനത്തിൽ ടീം മുഴുവൻ കൈവശങ്ങളും പരിശോധിച്ചു ഫയൽ തയ്യാറാക്കുന്നതിന് കുഞ്ചത്തൂർ വൊർക്കാടി വില്ലേജ് ഓഫീസർമാർക്ക് എല്ലാ സഹായങ്ങളും നൽകി. ലാൻഡ് ബോർഡ് ഉത്തരവ് വന്ന് ഒരു മാസത്തിനകം മുഴുവൻ എസ്എം ഫയലുകളും തയ്യാറാക്കി കാസർഗോഡ് ലാൻഡ് ട്രൈബ്യൂണൽ മുമ്പാകെ സമർപ്പിച്ചു. നിലവിൽ കാസർകോട് ലാൻഡ് ട്രിബൂനലിന്റെ പ്രവർത്തനപരിധി ജില്ല മുഴുവനാണ്. മഞ്ചേശ്വരം, കാസർകോട് താലൂക്ക് പരിധിയിൽ വരുന്ന കേസുകൾ കാസർകോട് ഓഫീസിലും ഹോസ്ദുർഗ്ഗ് വെള്ളരിക്കുണ്ട് താലൂക്ക് പരിധികളിൽ വരുന്ന കേസുകൾ ഹോസ്ദുർഗ്ഗ്ക്യാമ്പ് ഓഫീസിലും ആണ് വിചാരണ ചെയ്യുന്നത് എന്നാൽ വിഭാഗത്തിൽ പെടുന്നവരുടെ 142 ഫയലുകൾ ഒരു നിർദ്ദേശം പ്രദേശത്തുള്ളവയായതിനാൽ കാസർകോട് ഓഫീസിൽ നിന്നും 40 കിലോമീറ്റർ കൂടുതൽ ദൂരത്ത് സ്ഥിതി ചെയ്യുന്നതിനാലും ഈ ഫയലുകളിൽ ഉൾപ്പെട്ട മുഴുവൻ കൈവശ കുടിയാന്മാരും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ ആയതിനാലും ഈ അപേക്ഷകർ വിചാരണയ്ക്ക് കാസർഗോഡ് ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് എല്ലാ കേസുകളും വിചാരണ പാവൂർ ചർച്ച് ഹാളിൽ നടത്തുന്നതിന് തീരുമാനിച്ചതായി കാസർകോട് ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ ഉദയകുമാർ അറിയിച്ചു. കേസുകളുടെ വിചാരണയ്ക്ക് ചർച്ച് വിട്ടു നൽകുന്നതിന് ചർച്ച് അധികാരികൾ ഉദാര സമീപനമാണ് സ്വീകരിച്ചത്. പ്രസ്തുത കേസുകളുടെ ആദ്യ വിചാരണ മാർച്ച് 18ന് രാവിലെ 11ന് നടക്കും. വിചാരണ ഈ മാസം തന്നെ പൂർത്തീകരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടന്നുവരുന്നതായി തഹസിൽദാർ അറിയിച്ചു വിചാരണ പൂർത്തിയായി അനുകൂല വിധി ഉണ്ടാകുന്ന മുറയ്ക്ക് കൊറഗ വിഭാഗത്തിൽപ്പെടുന്ന 142 കുടുംബങ്ങൾ കൈവശം ഭൂമിയുടെ ഉടമസ്ഥരാകും.