കോഴിക്കോട്: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ വീണ്ടും അഴിമതി ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടന്നുവെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചത്. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി, ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്ത് നടന്നത് സമ്പൂർണ അഴിമതിയാണ്. കൊവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. 1300 കോടിയുടെ അഴിമതിയിൽ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചില്ല. പിപിഇ കിറ്റ് അഴിമതി ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചോദിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടത്. കേന്ദ്ര ഏജൻസികൾക്ക് പിണറായിയുടെ മുന്നിൽ മുട്ട് വിറക്കുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.