കാസർകോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ അഡ്വ.കെ.കെ.നാരായണൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തുന്ന ബിജെ പി അഖിലേന്ത്യാ പ്രസിഡൻ്റ് ജെ.പി.നദ്ദയിൽ നിന്ന് ഇദ്ദേഹം അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ജനുവരി 27ന് കാസർകോട് തളിപ്പടപ്പ് മൈതാനിയിലാണ് ഉദ്ഘാടന പരിപാടി. കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗമായി 10 വർഷം പ്രവർത്തിച്ചിരുന്ന ഇദ്ദേഹം പ്രശസ്തമായ കരിമ്പിൽ കുടുംബത്തിലെ അംഗമാണ്. എഐസിസി അംഗമായിരുന്ന പരേതനായ കരിമ്പിൽ കുഞ്ഞമ്പുവിൻ്റെ മരുമകനുമാണ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ്, എൻ കെബിഎം ചാരിറ്റബിൾ ഹോസ്പിറ്റൽ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പടന്നക്കാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ് മാനേജിങ് കമ്മിറ്റി അംഗവും പടന്നക്കാട് ബേക്കൽ ക്ലബ് മാനേജിങ് ഡയറക്ടറും ആണ്. കാസർകോട് ഡിസിസി മുൻ ജനറൽ സെക്രട്ടറി ആയിരുന്നു. കാസർകോട് -കണ്ണൂർ ജില്ലകളിലെ പ്രധാനപ്പെട്ട പെരുങ്കളിയാട്ടങ്ങളുടെയും പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവങ്ങളുടെയും ആഘോഷ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ഈ നിലയിൽ വിപുലമായ ജനകീയ അടിത്തറയും സാമുദായിക ബന്ധങ്ങളുമുണ്ട്.കെ.കെ.നാരായണൻ ബി ജെ പി യിലേക്ക് പോകുന്നതോടെ നീലേശ്വരം നഗരസഭ, കിനാനൂർ-കരിന്തളം പഞ്ചായത്ത് തുടങ്ങിയ മലയോര പഞ്ചായത്തുകളിൽ നിന്ന് കോൺഗ്രസ്സ് അനുയായികൾ നാരായണൻ്റെ കൂടെ പോയേക്കുമെന്നാണ് സൂചന